വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തോടനുബന്ധിച്ച് ബൈപ്പാസും റിംഗ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന തലക്കോട് ജംഗ്ഷനിൽ ക്ലോവർ ലീഫ് മാതൃകയിൽ റോഡ് നിർമാണത്തിനുള്ള ഭൂമിയേറ്റടക്കിനു വേണ്ടിയുള്ള ആദ്യപടിയായ സർവേ നടപടികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. നെയ്യാറ്റിൻകര ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ സർവേ നടപടികളാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചത്.
സ്ഥലം ഏറ്റെടുക്കലിനെ ക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കകൾക്കും വസ്തുവും വീടും നഷ്ടപ്പെടുന്നവർക്കുള്ള പാക്കേജിനെ കുറിച്ചുള്ള ചർച്ച യും നടത്തിയതിനുശേഷം തുടർ സർവേ നടപടികൾ നടപ്പിലാക്കുമെന്നു റവന്യൂ അധികൃതർ അറിയിച്ചതായി തലക്കോട് സംരക്ഷണ സമിതി ചെയർമാൻ കെ.വി. അഭിലാഷും ജനറൽ കൺവീനർ പനിയടിമ ജോണും അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് കൗൺസിലർ ലതിക കുമാരി, കെ. ബിനു, ഡോ. ഷാജി കുട്ടി, ജ്യോതിരാജ് സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. റിംഗ് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്ന് 60 ഏക്കറോളം ഭൂമി ഏറ്റെടുക്കലായിരുന്നു അധികൃതരുടെ ലക്ഷ്യം.